Tuesday, 3 January 2017

ഭർത്താക്കന്മാരെ കളിയാക്കി ചിരിക്കുന്നുണ്ട്‌ ഈ ചിത്രം

അടുക്കളപുകയിൽ ഒരൽപ നേരമിരുന്നാൽ,
അലക്കുകല്ലിലെ നുരഞ്ഞ്‌ പൊന്തുന്ന പതയിൽ നിന്ന് അഴിച്ചിട്ട ഉടയാടകൾ ഒന്ന് വെളുപ്പിച്ചെടുത്താൽ,
കുടിച്ച ഗ്ലാസൊന്ന് കഴുകിയാൽ പുതിയാപ്പിളക്കുപ്പായം കീറിപ്പോകുമെന്ന് പേടിക്കുന്ന ഭർത്താക്കന്മാരെ കളിയാക്കി ചിരിക്കുന്നുണ്ട്‌ ഈ ചിത്രം.


അടുക്കളയിലേക്കിറങ്ങി പാചകം ചെയ്യേണ്ട, പകരം കറിക്കൂട്ടിലേക്ക്‌ മുറിച്ച്‌ വെച്ച തക്കാളിയിൽ നിന്ന് ഒരു കഷ്‌ ണം എടുത്ത്‌ വായിലിട്ട്‌ അവളുണ്ടാക്കുന്ന വിഭവങ്ങളെ ഒരൽപ്പം നോക്കി നിന്നാൽ മതി. അന്നത്തെ ഉച്ച ചോറിന്ന് എന്നത്തേക്കാളിമേറെ സ്വാദ്‌ രുചിക്കും.
എന്നും കടുപ്പമുള്ള ചായയിട്ട്‌ തരുന്നതിനിടെ ഒരു ദിവസം തിരക്കിന്റെ വെപ്രാളത്തിനിടെ പഞ്ചസാര ഇത്തിരി കുറഞ്ഞാൽ കയർക്കരുത്‌ ' സ്നേഹത്തിൽ മധുരം കൂട്ടുന്നൂന്ന് കരുതി ചായയിൽ കുറക്കേണ്ട'ട്ടോയെന്ന് അടുക്കളയിലേക്കൊന്ന് വിളിച്ച്‌ പറഞ്ഞാൽ മതി. വായിച്ച്‌ കൊണ്ടിരിക്കുന്ന പത്രത്തിന്റെ താളൊന്ന് മറിച്ചിടുമ്പോഴേക്ക്‌ ഇതുവരെ കിട്ടാത്ത അത്രയും രുചിയിൽ ഒരു സുലൈമാനിയുമായി അവൾ അരികിലെത്തിയിട്ടുണ്ടാവും.
പെട്ടൊന്ന് വന്നുപ്പെട്ട തല വേദനയുമായി വിരിപ്പിൽ നിന്നെഴുന്നേൽക്കാതെ കിടന്ന് അസ്വസ്തമായ പകലിൽ മുറ്റത്തെ കരിയിലകൾ നീങ്ങി പോയിട്ടില്ലെങ്കിൽ, അകത്തെ സ്വീകരണ മുറികളിൽ സൗന്ദര്യ വസ്തുക്കൾ സ്ഥാനം തെറ്റിക്കിടപ്പുണ്ടെങ്കിൽ ഉള്ള തലവേദന യെ ഇരട്ടിപ്പിക്കാൻ അകത്ത്‌ കയറി പോലീസാവരുത്‌; വേദനിച്ച്‌ കിടക്കുന്ന അവൾക്കരികിൽ ചെന്നിരുന്ന് തലയിൽ കൈവെച്ച്‌ 'നീ ഉറങ്ങിയാൽ നമ്മുടെ വീടും ഉറങ്ങുന്നല്ലോ'യെന്ന് പരിതപിച്ചാൽ മതി. സ്നേഹമരുന്നിൽ അവൾ വേദന മറക്കും. വിരിപ്പ്‌ വിട്ടെഴുന്നേൽക്കും. അവളുണരും, കൂടെ മരവിച്ച്‌ കിടന്ന വീടുമുണരും.
ഉൾകൊള്ളലാണ് ഉള്ളതിന്റെ അടയാളം. ഞാൻ ആണും നീ പെണ്ണുമെന്ന കാർക്കശ്യത്തിന്റെ കുപ്പായം എപ്പോഴും ഇട്ട്‌ നടക്കരുത്‌. കൊണ്ടും കൊടുത്തും സാധ്യമാവുന്ന ജീവിത്തിലെ മധുരം രുചിക്കു. എന്തിനുമേതിനും ഷൂവിട്ട കാലുകൊണ്ട്‌ നിലത്ത്‌ ചവിട്ടി ഒച്ചവെച്ച്‌ ആളാവുന്ന ആൺ സാനിധ്യത്തെ ഒരു പെണ്ണിനും സ്നേഹിക്കാനാവില്ല. തന്റെ ഹൃദയ രഹസ്യങ്ങളുടെ കാവൽ സൂക്ഷിപ്പുകാരനായ ഒരു നല്ല സുഹൃത്തിനെയാണവൾക്കിഷ്ടം.

No comments:

Post a Comment