Wednesday, 4 January 2017

അതുപിന്നെ ഞാൻ

രാവിലെ അലാറം അതിന്റെ പണി കൃത്യമായി ചെയ്തിരുന്നെങ്കിലും ഞാൻ അത് ഓഫാക്കി കിടന്നതാ, ഒരു അഞ്ചു മിനുട്ടത്തേക്ക്. കുറച്ചു കഴിഞ്ഞു ഞെട്ടിയുണർന്നു ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 8, അഞ്ചുമിനിറ്റു 45 മിനുറ്റായിരിക്കുന്നു. തിങ്കളാഴ്ച ആയത് കൊണ്ട് തന്നെ ഓഫീസിലേക്ക് പോകാനുള്ള മടിയും ഇത്തിരി കൂടുതലാ, അപ്പോഴാ ഈ നേരം വൈകലും. . എല്ലാം കൂടെ ആയപ്പോ തന്നെ മൊത്തം മൂഡ് ഓഫ് ആയി. വിളിച്ചുണർത്താത്തതിന്റെറെ ദേഷ്യം അവളുടെ മേലിൽ തീർക്കാമെന്നു കരുതി ചെറുതല്ലാത്ത രീതിയിലൊന്ന് അലറി
"എടി രമ്യേ..."
മറുപടിയൊന്നും വന്നില്ല..
വീണ്ടും അലർച്ച തുടർന്നു..
"എടി പോത്തെ... നീ ഇതേവിടെപോയി കിടക്കുവാ..."
അപ്പോഴാ ഉറക്കച്ചടവൊക്കെ മാറി അത് ഓർത്തത്, അവൾ വീട്ടിലില്ലെന്ന കാര്യം..
അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ അവളെ ഇന്നലെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു വര്ഷമായെങ്കിലും ഞങ്ങളാദ്യമായിട്ടാ ഇങ്ങനെ മാറി താമസിക്കണെ. മാസവസാനമായത് കൊണ്ട് എനിക്കാണേൽ ലീവും കിട്ടിയില്ല. അല്ലേൽ ഞാനും അവിടെ നിന്നേനെ.
കല്യാണത്തിനു ശേഷം വളരെ അപൂർവമായി മാത്രമാണ് അലാറം വെക്കുന്നത്. അലാറത്തിന്റെ പണി അവൾ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിനു ഒന്നൊന്നര മണിക്കൂർ മുന്പെങ്കിലും അവൾ എഴുന്നേറ്റ് കുളിയും കഴിഞ്ഞു അടുക്കള പണി തുടങ്ങും. കഴുകാതെവെച്ചിരിക്കുന്ന പത്രങ്ങളെ കുളിപ്പിച്ചു സുന്ദര കുട്ടപ്പന്മാരാക്കും ശേഷം പ്രാതലിനുള്ള ഒരുക്കങ്ങൾ. കുതിർത്തു വെച്ചിരിക്കുന്ന അരിയെടുത് മിക്സിയിലിട്ടു അരച്ചെടുക്കും. അപ്പോൾ തന്നെ മറുവശത്ത് ചോറുണ്ടാക്കാനുള്ള പരിപാടിയും തുടങ്ങും. കാരണം എനിക്ക് ഉച്ചയ്‌ക്കെകേക്കുള്ള ഭക്ഷണം പൊതിഞ്ഞു തരുന്നതാണ് ശീലം.
ഉടനെ കറിക്ക് വേണ്ടിയുള്ള പരിപാടിയും തുടങ്ങും.
ഇതിനിടയ്ക്ക് എന്നെ വിളിച്ചുണർത്താനായി മുറിയിലേക്ക് ഓടിയെത്തും. വിളിച്ചാലുണ്ടോ ഞാൻ എഴുന്നേൽകുന്നു. അവസാനം ആവൾക് കലി കയറി വെള്ളം കുടയാൻ തുടങ്ങണം അപ്പോഴേ ഞാൻ എഴുന്നേൽക്കൂ. പിന്നെ ബ്രഷും പേസ്റ്റും സോപ്പും തോർത്തുമെല്ലാം തന്നു എന്നെ നേരെ ബാത്റൂമിലേക്ക് തള്ളിവിടും. അല്ലേൽ ഞാൻ വീണ്ടും കിടന്നുറങ്ങുമെന്നു അവൾക്കറിയാം. ഞാൻ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു ഇറങ്ങുമ്പോഴേക്ക് ചായയുമായി അവൾ ഓടിയെത്തും. അപ്പോഴും അവൾ അതുവരെ ഒരു ചായ പോലും കുടിച്ചിട്ടുണ്ടാവില്ല. അതൊന്നും ആലോചിക്കാതെ കിടക്കയിൽ ഇരുന്ന്കൊണ്ട് ചായ കുടിച്ചു തീർന്നാലുടൻ ഞാൻ വിളിച്ചു കൂവും
"ഡി.. എവിടെഡി എന്റെ പാന്റും ഷർട്ടും"
"ദേ വരുന്നു ചേട്ടാ... തേച്ചുതീരട്ടെ.."
അതുവരെ പത്രമെടുത്ത് വായിച്ചിരിക്കും. 2-3 പേജ് തീരുമ്പോഴേക്കും തേച്ചുമിനുക്കിയ പാന്റും ഷർട്ടുമായി അവളെത്തും.
അതിലേക്ക് നോക്കി അവളോടായി പറയും
"ഇനി എപ്പോഴാണെടി ബുദ്ധുസേ നീ ഒന്ന് നന്നായിട്ട് തേക്കാൻ പഠിക്കുക..."
അപ്പോൾ ആവൾക് ദേഷ്യം വരും അവളുടെ ഉണ്ടകണ്ണുകൾ ഉരുട്ടി പേടിപ്പിക്കും, വാക്കുകൾ കടിച്ചമർത്തി നേരെ അടുക്കളയിലേക്ക് പായും.
ദോശയ്ക്കുള്ള ഓട് ചൂടാക്കി മാവൊഴിക്കും. ഞാൻ വേഷം മാറി വരുമ്പോഴേക്കും തീൻമേശയിൽ ചൂട് ദോശയും കറിയും റെഡി ആയിരിക്കും. അവളുണ്ടാക്കി തരുന്ന ഭക്ഷണത്തിലെ കുറ്റങ്ങൾ പറയുന്നതല്ലാതെ ഇതുവരെ അവളെ ഒന്ന് അഭിനന്ദിച്ചത് എന്റെ ഓര്മയിലില്ല.
എന്റെ കഴിപ്പു കഴിയുമ്പോഴേക്കും ഉച്ചഭക്ഷണം പൊതിഞ്ഞ് കെട്ടി കൊണ്ട് വന്നു ബാഗിൽ വെച്ച് ബാഗെടുത് സെന്റർ ഹാളിലെ കസേരയിൽ കൊണ്ടുവെക്കും. പിന്നെ നേരെ കോലായിലേക്കോടി ഷൂ എടുത്ത് തുടച്ചു വെക്കും. അപ്പോഴേക്കും ഞാൻ കൈ കഴുകി ബാഗും എടുത്ത് കോലായിലെത്തും. തുടച്ചു വെച്ച ഷൂസും ഇട്ട് ഒരു യാത്രപോലും പറയാതെ തിരക്കിട്ടു ഓഫീസിലേക്ക് ഓടും. അപ്പോഴാണവൾ നെറ്റിയിൽ പൊടിഞ്ഞിരിക്കുന്ന വിയർപ്പു കണങ്ങൾ സാരിതുമ്പു കൊണ്ട് തുടച്ചെടുക്കുന്നത്.
നേരെ തീന്മേശക്കരികിൽ ചെന്ന് ഞാൻ കഴിച്ച പാത്രത്തിലേക്ക് ഒരു ദോശ എടുത്തിട്ട് ഇത്തിരി കൂട്ടാനും ചേർത്തു കഴിച്ചു വിശപ്പകറ്റുന്ന അവളെ എനിക്ക് കാണാം. ശേഷം ചൂലുമെടുത്തു മുറ്റത്തേക്ക്. അങ്ങനെ മുറ്റമടിയും വൃത്തിയാക്കലും പാചകവുമൊക്കെയായി അവൾ തിരക്കിൽ തന്നെ. പണികളൊക്കെ കിടപ്പുമുറിയിൽ അവളെത്തുമ്പോൾ സമയം ഏറെ വൈകും.
ഇന്നൊരുദിവസം അവളില്ലാത്തയപ്പോൾ എഴുന്നേൽക്കാൻ വൈകി. പേരിനൊരു കുളിയും കഴിഞ്ഞു തേക്കാത്ത വസ്ത്രവും തുടക്കാത്ത ഷൂവും ധരിച്ചു ഒരു ഗ്ലാസ് ചായ പോലും കുടിക്കാതെ ഓഫീസിലേക്ക് ഓടിയെത്തിയപ്പോഴേക്കും സമയം വൈകി. ഉച്ചയ്ക്കാതെ ഭക്ഷണം ഒരു ബർഗറിൽ ഒതുക്കി. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴും അവളുടെ പുഞ്ചിരിക്കുന്ന മുഖം കാണാത്തതിന്റെ വിഷമമായിരുന്നു. ഓടിവന്നു ബാഗും വാങ്ങി റൂമിൽ വെച്ചു അടുക്കളയിലേക്കോടി ചൂട് ചായയുമായി തിരികെ വരുന്ന അവളെ കണ്ടില്ല. സോഫയിൽ ക്ഷീണിച്ചിരുന്ന എന്നെ പിടിച്ചെന്നേല്പിച്ചു ഫ്രഷ് ആവനും വസ്ത്രം മാറാനും ആരും നിര്ബന്ധിച്ചില്ല. ഓഫിസിൽ നിന്ന് വന്നപാടെ സോഫയിൽ കിടന്നു മയങ്ങിപ്പോയി. എഴുന്നേറ്റത് രാത്രി പത്തു മണിക്ക്. ഫോൺ എടുത്ത് നോക്കിയപ്പോൾ പത്തിരുപത് മിസ്ഡ് കാൾ, അവളായിരുന്നു. ഉടനെ തിരിച്ചു വിളിച്ചു , ഫോണെടുത്ത ഉടനെ അവളുടെ പരിഭവം കലർന്ന ചോദ്യം
"എവിടെ ആയിരുന്നു ഇതുവരെ.. ഒരു ദിവസം മാറി നിന്നപ്പോഴേക്കും എന്നെ അങ്ങ് മറന്നു അല്ലെ.."
"അതുപിന്നെ ഞാൻ... ഓഫീസിൽ നിന്ന് വന്നപാടെ സോഫയിൽ കിടന്നു മയങ്ങിപ്പോയെടി. ഇപ്പൊ ഞെട്ടി ഉണർന്നെ ഉള്ളൂ, അപ്പോഴാ നിന്റെ മിസ്ഡ് കാൾ കണ്ടത്. അതൊക്കെ പോട്ടെ എങ്ങനെ ഉണ്ട് അമ്മയ്ക്ക്..?? നീ എപ്പോഴാ വരുന്നേ..??"
"അമ്മയ്ക്കിപ്പോ ബേധമുണ്ട് ഏട്ടാ.. അതുകൊണ്ട് എന്നെ കൂട്ടിക്കൊണ്ടുപോകാനാ ഏട്ടനെ ഞാൻ വിളിച്ചത്. ഇനിയിപ്പോ നേരം ഒരുപാടയില്ലേ ഏട്ടൻ നാളെ വന്നാൽ മതി..."
"ഏയ്.. അത് വേണ്ട,നാളെക്കൊന്നും ആക്കണ്ട. ഞാൻ ഇപ്പൊ തന്നെ വരുവാ. നീ റെഡി ആയി നിന്നോ. ഞാൻ ഇതാ എത്തി. നീ ഫോൺ വെച്ചോ"
നേരെ ബാത്റൂമിലേക്ക് ഓടി മുഖവും കഴുകി പുറത്തേക്കിറങ്ങി വണ്ടിയും എടുത്ത് നേരെ അവളുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു.
അപ്പോഴും എന്റെ മനസ്സിൽ ചില കാര്യങ്ങൾ ചെയ്യണമെന്ന ചിന്ത ആയിരുന്നു.
നാളെ അവളെഴുന്നേൽകുന്നതിനു മുൻപ് എഴുന്നേറ്റ് ചായ ഇട്ട് അവളെ വിളിച്ചുണർത്തി അവൾക്കൊരു ചായ കൊടുക്കണം. അവളുണ്ടാക്കിയ പ്രാതൽ കഴിച്ചു അവളുടെ കൈപുണ്യത്തെ പുകഴ്ത്തണം. തേച്ചു വെച്ച വസ്ത്രങ്ങളിൽ നോക്കി "നീ തേക്കാൻ പഠിച്ചല്ലോടി" എന്നവളോട് പറയണം. ഇറങ്ങാൻ നേരം നെറ്റിയിൽ പൊടിഞ്ഞ്‌ കിടക്കുന്ന വിയർപ്പു കണങ്ങൾ സാരിതുമ്പേടുത്ത് തുടച്ചെടുത്ത് അവിടം ചുംബിക്കണം. വൈകുന്നേരം അവൾക്കിഷ്ടപെട്ട മധുരങ്ങളുമായി വീട്ടിലേക്ക് കടന്നു ചെല്ലണം. രാത്രിയിലേക്കുള്ള ഭക്ഷണത്തിന് വേണ്ടി പാചകത്തിൽ അവളെ സഹായിക്കണം. അത്താഴം ഒരുമിച്ചിരുന്ന് കഴിച്ചു കിടപ്പുമുറിയിൽ ചെന്ന് അവളുടെ കുഞ്ഞു കുഞ്ഞു പരിഭവങ്ങൾക് കാതോർക്കണം.

No comments:

Post a Comment